തൃക്കരിപ്പൂർ: കൊളംബോയിൽ നടന്ന സൗത്ത് ഏഷ്യൻ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ വലിയപറമ്പ് സ്വദേശിനി കെ. ശ്രേയക്ക് ജില്ലാ സെപക് താക്രോ അസോസിയേഷന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂരിൽ സ്വീകരണം നൽകി. തങ്കയംമുക്കിൽ നിന്ന് വാദ്യമേളങ്ങളും മുത്തുക്കുടകളുമായി തുറന്ന വാഹനത്തിൽ ആനയിച്ചാണ് വരവേറ്റത്. തുടർന്ന് കൂലേരി ഗവ. സ്കൂളിൽ നടന്ന അനുമോദനയോഗം ചലച്ചിത്രനടൻ പി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെപക് താക്രോ അസോസിയേഷൻ പ്രസിഡന്റ് സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. മനു മുഖ്യാതിഥിയായി. പഞ്ചായത്തംഗങ്ങളായ എം. സുനിത, കെ.യു. രാമദാസ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ. മധുസൂദനൻ, ശ്രേയയുടെ പരിശീലകനും അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ കെ.വി. ബാബു, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് എ. അച്യുതൻ, സംസ്ഥാന ടെന്നിക്കൊയ്റ്റ് അസോസിയേഷൻ സെക്രട്ടറി കെ.വി. ബിജു, എം.ടി.പി. ബഷീർ, പി.വി. പ്രീത എന്നിവർ പ്രസംഗിച്ചു. നേരത്തേ ഖേലോ ഇന്ത്യ ബീച്ച് ഗെയിംസിൽ സീനിയർ സെപക് താക്രോ ഡബിൾ ഇവന്റിലും ശ്രേയ സ്വർണം നേടിയിരുന്നു. വലിയപറമ്പ് സെൻട്രലിലെ വ്യാപാരി കെ.വി. ബാബുവിന്റെയും കെ. സ്മിതയുടെയും മകളായ ശ്രേയ പയ്യന്നൂർ കോളജിൽ എംഎസ്സി ബോട്ടണി വിദ്യാർഥിനിയാണ്.